
പ്രിയ സഖീ ,
ചിരിയില്‍ തളിര്‍ത്ത ഈ ശിഖരം നിറകണ്ണുകള്‍ ആയി പെയ്തൊഴിയും മാര്‍ച്ച് മാസം,വേര്‍പാടി ന്റെ ദുഖം മുഖത്തടിക്കുമൊരു ഏപ്രില്‍ ,ഇതെല്ലാം കാലചക്രത്തിന്റെ ചുഴിയില്‍ വീണു ഓടിയടുക്കുമ്പോഴും,വിരിയാത്ത മഴവില്ലായി മറയുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ എഴുതുന്നു .ഒരായിരം വട്ടം ഉരുവിട്ട് ഉറപ്പിച്ചാലും കണ്ണുകള്‍ ചോദ്യം എറിയുമ്പോള്‍ ശൂന്യമാകുന്ന ഉള്ളില്‍ നിന്നും അര്‍ത്ഥമില്ലാതെ പുലമ്പുന്ന നാവിനെ രക്ഷിക്കാനായി ഞാന്‍ എഴുതുകയാണ് ...
വിങ്ങുന്ന ഹൃദയത്തോടെ,വിറയ്ക്കുന്ന കൈകളോടെ ,ഞാന്‍ നിനക്ക് എന്താണ് എഴുതുക.അര്‍ത്ഥമില്ലാത്ത മോടിപിടിപ്പിക്കുന്ന പൊയ് വാക്കുകളോ ?ഇത്തരം ഒരവസരത്തില്‍ അത് പറയുവാന്‍ എനിക്കാവില്ല .കാലം നമ്മെ വലിച്ചകറ്റുവാന്‍ തക്കം പാര്‍ക്കുമ്പോഴും നീണ്ട വസന്തത്തിലും വിരിയാന്‍ മറന്ന പൂമൊട്ട് പോലെ വിങ്ങുന്ന ഹൃദയവുമായി അലയാന്‍ വയ്യ .അനന്തമായ നീലാകാശത്ത് ഉയരങ്ങള്‍ തേടി പറക്കുമ്പോള്‍ ദൂരം നമ്മെ അകറ്റാതിരിക്കുവാനും ,ഇനിയുള്ള പാതയില്‍ അണയുവാതിരിക്കുവാനും ,നാളെകളുടെ രാത്രികളില്‍ ദുസ്വപ്നങ്ങള്‍ കണ്ടുണരുമ്പോള്‍ മുറുകെ പിടിച്ചു ഉറങ്ങുവാനും,അനുകൂലമല്ലാത്തൊരു മറുപടി ഇപ്പോള്‍ താങ്ങാനും വയ്യ .അപരിചിതത്വത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു നാം അടുത്തപ്പോള്‍ സൗഹൃദം എന്ന് നാം അതിനെ വിളിച്ചു .ആ സുഹൃത്തിനോടുള്ള എന്‍റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെന്നും വിചാരിക്കരുത് .ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ആ സ്വാതന്ത്ര്യം നഷ്ടപെടുമെന്നുള്ള ഭയത്തില്‍ ഈ ചോദ്യത്തെ മുക്കികളയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാനിതു ചോദിക്കാതിരുന്നാല്‍ അസ്ഥിത്വത്തിനെതിരെ സാക്ഷിയായി വീഴ്ത്താന്‍ മറന്ന ഇരയെപ്പോലെ അവനെന്നെ വേട്ടയാടും.അതിലുപരി ചോദിക്കാന്‍ മറന്ന ചോദ്യത്തിനു ലഭിക്കാനിരുന്ന ജീവിതം നഷ്ടബോധത്താലെന്നെ ഇല്ലാതാക്കും.പക്വത ഇല്ലായ്മയില്‍ കിളിര്‍ത്ത ഒരു ദുരാഗ്രഹം എന്ന് മുദ്രകുത്തി ഇത് ചവറ്റു കുട്ടയില്‍ എറിയരുത്.പക്വമെന്നു സ്വയം വിശ്വസിക്കുന്ന ഒരു മനസ്സ് ഏറെനാള്‍ ചിന്തിച്ചിട്ടും പിടിച്ചുവാങ്ങുവാന്‍ ആവുന്നതല്ലിത് എന്നാ യാഥാര്‍ത്ഥ്യം ബഹുമാനിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്..
ശക്തമായ തിരയിലും ഉലയാത്ത ദീപസ്തംഭം പോലെയാണ് യഥാര്‍ത്ഥ സ്നേഹം .ഞാനും അത് ആവര്‍ത്തിക്കുന്നു .ആത്മാവിന്‍ പുസ്തകത്തില്‍ ഒരു മയില്‍പീലി പോലെ ഞാനീ ചോദ്യം സൂക്ഷിച്ചു .അകലം നമ്മുടെ ഇടയില്‍ ഇരച്ചുകയറാന്‍ തിടുക്കം കൂട്ടുമ്പോഴും ഇത് അവതരിപ്പിക്കാന്‍ എന്‍റെ കഴിവുകേടില്‍ ഉള്ള ബോധ്യമാണ് ഇത് ഇത്രയും താമസിപ്പിച്ചത്.സ്കൂള്‍ വരാന്തകളില്‍ തൊട്ടുരുമ്മി നടക്കുമ്പോള്‍ ഒരായിരം വട്ടം നിന്നോടീ ചോദ്യം എന്‍റെ മനസ്സില്‍ ഉരുവിട്ടതാണ് .ഒരു നിമിഷം നമ്മുടെ കണ്ണുകള്‍ ക്ലാസ്സ് ജനാലകള്‍ക്കരികില്‍ കൊര്‍ന്നിരുന്നെങ്കില്‍ നിനക്കീ ചോദ്യം എന്നില്‍ നിന്നും വായിച്ചു എടുക്കാമായിരുന്നു.പക്ഷെ നിന്‍റെ ദൃഷ്ടി പതിഞ്ഞപ്പോള്‍ മിടിക്കാന്‍ മറന്ന ഹൃദയം എന്നെ കണ്ണുകളെ പിന്‍വലിച്ചിരുന്നു .ഒരു നിമിഷം വളരെ നീണ്ടതാണ് എന്ന് തോന്നിപ്പോയ നിമിഷം .നിന്‍റെ മറുപടി അപ്രതീക്ഷിതമായാല്‍ എനിക്കറിയില്ല ഞാനത് എങ്ങനെ ....അതിനാല്‍ പ്രണയം വിരിഞ്ഞ മഴവില്ലിനെയും .പ്രണയം വിരിച്ച പൂവിനേയും പ്രണയം തുളുമ്പുന്ന പൂവിനേയും ഒരായിരം സൂര്യച്ചന്ദ്രന്മാരെയും സാക്ഷി നിര്‍ത്തി ഞാന്‍ ചോദിക്കുന്നു നിനക്ക് എന്നെ....നിനക്ക് എന്നേ ഒരു നൂറു രൂപ തന്നു സഹായിക്കാമോ ..എന്താ തരില്ലേ ..ചോദിച്ച രീതിയോ ചോദ്യമോ എന്താ ഇഷ്ടമല്ലാതെ പോയത് ..?ആദ്യമേ പറഞ്ഞപോലെ പര് ദയനീയ അവസ്ഥയിലാണ് ഞാനിതു ചോദിച്ചത് ..മറിച്ചൊരു മറുപടി താങ്ങാന്‍ വയ്യ ..
എന്ന് സ്നേഹപൂര്‍വ്വം
കുട്ടാപ്പൂസ് ( ഭീരു )
march2005(+2 student)