ഇതുവരെ കുറിച്ചിട്ടതൊക്കെയും
നിന്നിലേക്ക് എത്താത്ത കത്തുകളായിരുന്നു ......
മുറിവ് വീണ്ടും പൂക്കുന്ന രാവിൽ
പരിമളം ചോരാതെ വിങ്ങുമീ മുറിയിൽ
കാലം കൊളുത്തിട്ട ജനാലയ്ക്കപ്പുറം
നിലാവായ് പുഞ്ചിരി ,മറഞ്ഞ ചന്ദ്രനും
ഉന്മാദ രാവുകൾ പേക്കിനാവുകൾ
പരസ്പരം മുറിവേൽപ്പിച്ച നാവുകൾ
ജീവന്റെ ഞരക്കവും ഓർമക്കൾ മുഴക്കവും
നിൻ ചിരി ഞാനിന്നീ മുറിവിൽ പുരട്ടട്ടെ
പൂക്കുന്ന മുറിവും നോവിൻ ഗന്ധവും
നിന്നിൽ കൊരുത്തിട്ട സ്വപ്നങ്ങളും
നിർജ്ജീവ ജന്മങ്ങൾക്കന്ത്യം കുറിച്ച് ഞാനീ
നിർവാണ രാവിൽ മരണമായി മയങ്ങും
മുറിവുകൾ വീണ്ടും പൂക്കുന്ന രാവിൽ
ചവർപ്പുകൾ നീന്തി അക്കരയാ മാന്തോപ്പിൽ
ക്ഷണികമെങ്കിലും ശാന്തിതൻ മടിത്തട്ടിൽ
ഭ്രാന്തുകൾ നുരയുമീ തലചായ്ച്ചിടട്ടെ ...

