Total Pageviews

Saturday, November 3, 2012

ഏകാന്തത

ഏകനായിരിക്കുക എന്നത് ഒരേ സമയം അതി ലളിതവും ഉള്ളിന്‍റെ  ഉള്ളില്‍ ഒരു പോരാട്ടവും ആക്കുന്നു 
..കുറ്റബോധം ചിലപ്പോളെങ്കിലും ആ അതിസുന്ദര യാത്രയില്‍ ഒരു ഇന്ധനമായി ഭവിക്കും . സ്നേഹത്തിന്‍റെയും പ്രണയത്തിന്റെയും അതിര്‍വരമ്പുകളില്‍ എവിടെയോ കല്ലിച്ചു കിടക്കുന്ന ആ കുറ്റബോധത്തില്‍ കൊത്തിവച്ചിരിക്കുന്ന നഷ്ടക്കണക്കുകള്‍ ഒരു കാലം വരേയ്ക്കും വേദനയും പിന്നീട് നാളേയ്ക്ക് നയിക്കുന്ന വഴിവിളക്കുകളും ആകും .ഒരു തുണയില്ലാത്ത അവസ്ഥയില്‍ എപ്പോഴും വന്നുകൂടുന്ന മ്ലാനമുഖമല്ല ഏകാന്തത . ലൗകീകമായതോന്നും  നമ്മെ അലട്ടാത്ത ഭൂതകാലത്തിന്റെ തെറ്റുകള്‍ മനസാക്ഷിയോടു ഏറ്റുപറഞ്ഞു ഭാവിയില്‍ കേള്‍ക്കാന്‍ ഭയപ്പെട്ടിരുന്ന വാര്‍ത്തകള്‍ ഒരു പ്രായശ്ചിത്തമായി കണ്ടു ഒരു പുഞ്ചിരിയോടെ ഏറ്റുവാങ്ങാന്‍ പാകപെട്ട മനസ്സിന്റെ ലളിത സുന്ദരമായ ഒരു ശാന്തിയുമുണ്ട് ഏകാന്തതയില്‍ .
.പഴിചാരലുകളും വിഴുപ്പലക്കലുകളും ഇല്ലാതെ അവസാനിക്കുന്ന ഓരോ ബന്ധങ്ങളിലും ആണ്ടുകളുടെയോ പതിറ്റാണ്ടുകളുടെയോ മറുകരയില്‍ തെറ്റുകള്‍ക്ക്  പരിഹാരം ചെയ്യാന്‍ ഒരു ഗംഗാ തീരo ബാക്കിയാവുന്നുണ്ട് .അതിശൈത്യത്തിലും എരിയുന്ന കനലെന്നോ മേടചൂടിലും കുളിരേകുന്ന മഞ്ഞു കണമെന്നോ പറയാവുന്ന നാളുകളും ..പ്രണയങ്ങള്‍  എന്നും കയറ്റിറക്കങ്ങളുടെ ഒരു പരമ്പരയാണ് ഏകാന്തത എന്നത് നാം എത്തിച്ചേരുന്ന ശാന്തിയുടെ സമതലമാണ് .അത് വിശ്വാസത്തിന്റെ കാറ്റടിക്കുന്ന തീരമാണ് .കയറ്റങ്ങളുടെ ആവേശമോ ഇറക്കങ്ങളുടെ വ്യാകുലതകാളോ അലട്ടാത്ത അല്ലെങ്കില്‍ ഭ്രമിപ്പിക്കാത്ത ഒരു ശാന്തി തീരം .ചുറ്റും പോട്ടിമുളയ്ക്കുന്നതും വാടി കൊഴിയുന്നതും നോക്കി പുഞ്ചിരിക്കുന്ന ഏകാന്തത ..

ഏകാന്തത ഒരു പോരാട്ടമാവുന്നത് നമ്മോടു തന്നെയാണ് . മുന്നോട്ടു നടക്കുമ്പോള്‍ പിനവിളികളെ കേട്ടില്ലെന്നു നടിക്കാതെ കൂടെ വിളിച്ചു കൈപിടിച്ച് മുന്നോട്ടു നടക്കാനുള്ള പോരാട്ടം .കുറ്റബോധം എന്ന കഴലില്‍  കുരുങ്ങുന്ന മുള്‍ ചെടിയെ അതും ഞാന്‍ വളര്‍ത്തിയ സ്വന്തമെന്ന ചിന്തയോടെ കൂടെ കൂട്ടാനുള്ള പോരാട്ടം .. ചവര്‍പ്പുകളത്രെയും കുടിച്ചു വറ്റിക്കുമ്പോഴും അടിയിലെവിടെയോ മധുരം ഉണ്ടെന്നു വിശ്വസിക്കാതെ വിശ്വസിക്കാനുള്ള പോരാട്ടം .....

Monday, July 23, 2012

ഏകാന്തം

എകാന്തതയൊരു നിലകണ്ണാടി  
എന്നിലെ എന്നെ നോക്കാന്‍ ഒരു മുഖകണ്ണാടി 

ഇന്നലെ ഈ വഴിയില്‍ ആരവങ്ങള്‍ ഉയര്‍ന്നിരുന്നു 
ബന്ധങ്ങളിതിലെ കയറ്റിറക്കങ്ങള്‍ താണ്ടിയിരുന്നു 
പ്രണയമിതിലെ വിരല്‍ത്തുമ്പ് കോര്‍ത്തിരുന്നു 
സ്നേഹം എന്നിലേക്കീവഴി ഒഴുകിരുന്നു 

മോഹങ്ങള്‍ ഉമിത്തീയില്‍ എരിഞ്ഞണഞ്ഞു 
സ്വപ്നങ്ങളിലിപ്പോഴും തൂവനുകള്‍ ബാക്കി 
ഇന്നലെയൊരു യാത്രയില്‍ ഇന്നൊരു മേശയ്ക്കിരുവശം 
സ്വപ്നമീയാത്രയില്‍ ജാലകത്തിരയില്‍ അടരാതെ കോര്‍ക്കും വിരല്‍ത്തുമ്പുകള്‍ 

ഏകാന്തം ഈ നിലകണ്ണാടി
എന്നിലെ എന്നെ കാണും മുഖകണ്ണാടി  

Wednesday, May 30, 2012

നഷ്ടം


നീയെന്നും നീയായി നിന്നിരുന്നെങ്കില്‍ 
നഷ്ടമെന്നും എനിക്കയേനെ ..

ഞാനെന്നും ഞാനായി നിന്നിരുന്നുവെങ്കില്‍ 
നഷ്ടമെന്നും നിന്‍റെതായേനെ ...

ഞാനൊരു ചൂണ്ടത തുമ്പിലെ പുഴുവായിരുന്നെങ്കില്‍ 
നഷ്ടമെന്നും നിനക്കായേനെ . .

നീയെന്നും എന്‍റെനേര്‍ക്ക്  തിരിനീട്ടി നിന്നിരുന്നുവെങ്കില്‍ 
നഷ്ടമെന്നും എന്‍റെതായേനെ  

നിനക്ക് എന്നെയും എനിക്ക് നിന്നെയുമല്ല 
അറിയാതെ കണ്ടെത്തിയ 
നമ്മുക്ക് നമ്മെ നഷ്ടപെട്ടത് മാത്രമാണ് നഷ്ടം 

Friday, April 13, 2012

വൃണം

മുറിവല്ല വൃണം
മുറിവ് ഇന്നലെ
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
വൃണം എന്നെ നാളേയ്ക്ക് നോന്തുണര്‍ത്തുന്ന
നീയെന്ന നഷ്ടസത്യം

രാവുറങ്ങി നോവാന്തകാരം മിഴികളില്‍ പരക്കുന്നു
മങ്ങുന്ന വീഥിയില്‍ നീയും ഞാനും
നിന്നിലെ ഞാനും പിന്നെയീ എന്നിലെ നീയും
നടന്നകലുന്ന മിഴികളും

Thursday, March 15, 2012

സ്കൂള്‍ ജീവിതത്തിലെ ഒരു പ്രേമലേഖനം


പ്രിയ സഖീ ,
ചിരിയില്‍ തളിര്‍ത്ത ഈ ശിഖരം നിറകണ്ണുകള്‍ ആയി പെയ്തൊഴിയും മാര്‍ച്ച്‌ മാസം,വേര്‍പാടി ന്റെ ദുഖം മുഖത്തടിക്കുമൊരു ഏപ്രില്‍ ,ഇതെല്ലാം കാലചക്രത്തിന്റെ ചുഴിയില്‍ വീണു ഓടിയടുക്കുമ്പോഴും,വിരിയാത്ത മഴവില്ലായി മറയുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ എഴുതുന്നു .ഒരായിരം വട്ടം ഉരുവിട്ട് ഉറപ്പിച്ചാലും കണ്ണുകള്‍ ചോദ്യം എറിയുമ്പോള്‍ ശൂന്യമാകുന്ന ഉള്ളില്‍ നിന്നും അര്‍ത്ഥമില്ലാതെ പുലമ്പുന്ന നാവിനെ രക്ഷിക്കാനായി ഞാന്‍ എഴുതുകയാണ് ...
വിങ്ങുന്ന ഹൃദയത്തോടെ,വിറയ്ക്കുന്ന കൈകളോടെ ,ഞാന്‍ നിനക്ക് എന്താണ് എഴുതുക.അര്‍ത്ഥമില്ലാത്ത മോടിപിടിപ്പിക്കുന്ന പൊയ് വാക്കുകളോ ?ഇത്തരം ഒരവസരത്തില്‍ അത് പറയുവാന്‍ എനിക്കാവില്ല .കാലം നമ്മെ വലിച്ചകറ്റുവാന്‍ തക്കം പാര്‍ക്കുമ്പോഴും നീണ്ട വസന്തത്തിലും വിരിയാന്‍ മറന്ന പൂമൊട്ട് പോലെ വിങ്ങുന്ന ഹൃദയവുമായി അലയാന്‍ വയ്യ .അനന്തമായ നീലാകാശത്ത് ഉയരങ്ങള്‍ തേടി പറക്കുമ്പോള്‍ ദൂരം നമ്മെ അകറ്റാതിരിക്കുവാനും ,ഇനിയുള്ള പാതയില്‍ അണയുവാതിരിക്കുവാനും ,നാളെകളുടെ രാത്രികളില്‍ ദുസ്വപ്നങ്ങള്‍ കണ്ടുണരുമ്പോള്‍ മുറുകെ പിടിച്ചു ഉറങ്ങുവാനും,അനുകൂലമല്ലാത്തൊരു മറുപടി ഇപ്പോള്‍ താങ്ങാനും വയ്യ .അപരിചിതത്വത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു നാം അടുത്തപ്പോള്‍ സൗഹൃദം എന്ന് നാം അതിനെ വിളിച്ചു .ആ സുഹൃത്തിനോടുള്ള എന്‍റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെന്നും വിചാരിക്കരുത് .ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ആ സ്വാതന്ത്ര്യം നഷ്ടപെടുമെന്നുള്ള ഭയത്തില്‍ ഈ ചോദ്യത്തെ മുക്കികളയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാനിതു ചോദിക്കാതിരുന്നാല്‍ അസ്ഥിത്വത്തിനെതിരെ സാക്ഷിയായി വീഴ്ത്താന്‍ മറന്ന ഇരയെപ്പോലെ അവനെന്നെ വേട്ടയാടും.അതിലുപരി ചോദിക്കാന്‍ മറന്ന ചോദ്യത്തിനു ലഭിക്കാനിരുന്ന ജീവിതം നഷ്ടബോധത്താലെന്നെ ഇല്ലാതാക്കും.പക്വത ഇല്ലായ്മയില്‍ കിളിര്‍ത്ത ഒരു ദുരാഗ്രഹം എന്ന് മുദ്രകുത്തി ഇത് ചവറ്റു കുട്ടയില്‍ എറിയരുത്.പക്വമെന്നു സ്വയം വിശ്വസിക്കുന്ന ഒരു മനസ്സ് ഏറെനാള്‍ ചിന്തിച്ചിട്ടും പിടിച്ചുവാങ്ങുവാന്‍ ആവുന്നതല്ലിത് എന്നാ യാഥാര്‍ത്ഥ്യം ബഹുമാനിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്..
ശക്തമായ തിരയിലും ഉലയാത്ത ദീപസ്തംഭം പോലെയാണ് യഥാര്‍ത്ഥ സ്നേഹം .ഞാനും അത് ആവര്‍ത്തിക്കുന്നു .ആത്മാവിന്‍ പുസ്തകത്തില്‍ ഒരു മയില്‍‌പീലി പോലെ ഞാനീ ചോദ്യം സൂക്ഷിച്ചു .അകലം നമ്മുടെ ഇടയില്‍ ഇരച്ചുകയറാന്‍ തിടുക്കം കൂട്ടുമ്പോഴും ഇത് അവതരിപ്പിക്കാന്‍ എന്‍റെ കഴിവുകേടില്‍ ഉള്ള ബോധ്യമാണ് ഇത് ഇത്രയും താമസിപ്പിച്ചത്.സ്കൂള്‍ വരാന്തകളില്‍ തൊട്ടുരുമ്മി നടക്കുമ്പോള്‍ ഒരായിരം വട്ടം നിന്നോടീ ചോദ്യം എന്‍റെ മനസ്സില്‍ ഉരുവിട്ടതാണ് .ഒരു നിമിഷം നമ്മുടെ കണ്ണുകള്‍ ക്ലാസ്സ്‌ ജനാലകള്‍ക്കരികില്‍ കൊര്‍ന്നിരുന്നെങ്കില്‍ നിനക്കീ ചോദ്യം എന്നില്‍ നിന്നും വായിച്ചു എടുക്കാമായിരുന്നു.പക്ഷെ നിന്‍റെ ദൃഷ്ടി പതിഞ്ഞപ്പോള്‍ മിടിക്കാന്‍ മറന്ന ഹൃദയം എന്നെ കണ്ണുകളെ പിന്‍വലിച്ചിരുന്നു .ഒരു നിമിഷം വളരെ നീണ്ടതാണ് എന്ന് തോന്നിപ്പോയ നിമിഷം .നിന്‍റെ മറുപടി അപ്രതീക്ഷിതമായാല്‍ എനിക്കറിയില്ല ഞാനത് എങ്ങനെ ....അതിനാല്‍ പ്രണയം വിരിഞ്ഞ മഴവില്ലിനെയും .പ്രണയം വിരിച്ച പൂവിനേയും പ്രണയം തുളുമ്പുന്ന പൂവിനേയും ഒരായിരം സൂര്യച്ചന്ദ്രന്മാരെയും സാക്ഷി നിര്‍ത്തി ഞാന്‍ ചോദിക്കുന്നു നിനക്ക് എന്നെ....നിനക്ക് എന്നേ ഒരു നൂറു രൂപ തന്നു സഹായിക്കാമോ ..എന്താ തരില്ലേ ..ചോദിച്ച രീതിയോ ചോദ്യമോ എന്താ ഇഷ്ടമല്ലാതെ പോയത് ..?ആദ്യമേ പറഞ്ഞപോലെ പര് ദയനീയ അവസ്ഥയിലാണ് ഞാനിതു ചോദിച്ചത് ..മറിച്ചൊരു മറുപടി താങ്ങാന്‍ വയ്യ ..


എന്ന് സ്നേഹപൂര്‍വ്വം

കുട്ടാപ്പൂസ് ( ഭീരു )

march2005(+2 student)

Monday, February 27, 2012

സ്ത്രീയെക്കുറിച്ച് അറിയാന്‍

സ്ത്രീയെക്കുറിച്ച് അറിയാന്‍ ഓഷോയോട് ചോദിച്ചു ...
സ്ത്രീയെക്കുറിച്ച് അറിയാന്‍ കര്‍ത്താവിനോടു ചോദിച്ചു ..

എന്നില്‍ അവള്‍ മരിച്ച ശേഷം പിറന്നവര്‍ എങ്ങനെ പറയാന്‍ ....

തീയടങ്ങിയ കനലിനു കുറച്ചു പറയാനാകും ..
പാട്ട് മുറിഞ്ഞ കണ്ഠം കുറച്ചു അറിഞ്ഞേക്കും ....

മരിച്ചാലും മുറിയാത്ത ബന്ധങ്ങള്‍ അവര്‍ക്കറിയാം .....